പൂമുഖം വീഡിയോ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് font download
Tafheem ul Quran Malayalam

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട്‌ ആര്‍ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(48)എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവര്‍ക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.(49)(ഖുര്‍ആന്‍:അദ്ധ്യായം6)

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ഖുര്‍ആന്‍ എന്ന ദിവ്യാത്ഭുതം

അബൂയാസിര്‍ 


നിയുക്ത ദൈവദൂതന്മാരില്‍ അന്തിമനായ മുഹമ്മദ് നബിക്ക് ദൈവം നല്‍കിയ വാങ്മയ വെളിപാടുകളാണ് ഖുര്‍ആന്‍. വാങ്മയ രൂപത്തിലല്ലാതെ സ്വപ്നങ്ങളായും ദൃശ്യങ്ങളായും ബോധോദയങ്ങളായും ഉണ്ടായിട്ടുള്ള വെളിപാടുകള്‍ ഖുര്‍ആനില്‍ ഉള്‍പ്പെടുന്നില്ല. വാങ്മയ വെളിപാടുകള്‍ മാര്‍ഗദര്‍ശകവും അതോടൊപ്പം ആ മാര്‍ഗദര്‍ശനത്തിന്റെ സാധുതക്കും അത് പ്രബോധനം ചെയ്ത പ്രവാചകന്റെ നിയോഗത്തിനുള്ള ദൃഷ്ടാന്തവും കൂടിയത്രെ. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രഥമ ശ്രദ്ധയര്‍ഹിക്കുന്നതാണീ ദ്വന്ദ്വമാനങ്ങള്‍. ഒന്നാമത്തെ മാനത്തില്‍ സദുപദേശങ്ങളുടെയും തത്ത്വവചനങ്ങളുടെയും സമുഛയമാണത്. രണ്ടാമത്തെ മാനത്തില്‍ ഭൌതിക മനുഷ്യന്റെ നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത ദിവ്യാത്ഭുതവും.
ഖുര്‍ആന്റെ കര്‍ത്താവ് അല്ലാഹു-സാക്ഷാല്‍ ദൈവം- ആകുന്നു. ഇത് വിശ്വാസികള്‍ സ്വയം ആവിഷ്കരിച്ച ഒരു സങ്കല്‍പമല്ല; ഖുര്‍ആന്‍തന്നെ അസന്ദിഗ്ധമായ ഭാഷയില്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതാണ്. "നിസ്സംശയം ഈ വേദം സര്‍വലോക വിധാതാവില്‍നിന്നവതീര്‍ണമാകുന്നു'' (ഖുര്‍ആന്‍ 32:3). "ഈ വേദാവതരണം അയജയ്യനും അഭിജ്ഞനുമായ അല്ലാഹുവിങ്കല്‍നിന്നാകുന്നു'' (40:2). ഖുര്‍ആന്‍ പത്തിലേറെ സ്ഥലങ്ങളില്‍ ഇക്കാര്യം എടുത്തോതുന്നുണ്ട്. ഖുര്‍ആന്റെ ദൈവികതയും അതിന്റെ പ്രബോധകന്റെ സത്യസന്ധതയും ഊന്നിയുറപ്പിക്കുകയാണതിന്റെ ലക്ഷ്യം.
ഖുര്‍ആന്‍ സ്വയം അവകാശപ്പെടുന്നു എന്നതു മാത്രം, അത് ദൈവികമാണെന്നതിനു തെളിവാകുമോ എന്നൊരു ചോദ്യമുണ്ട്. ഒരു പുസ്തകം എന്താണ് എന്ന് ആദ്യം പറയേണ്ടത് ആ പുസ്തകം തന്നെയാണ്. അതാണ് ഏറ്റം ആധികാരികമായ തെളിവ്. ആ നിലക്ക് സ്വയം അവകാശപ്പെടാതെ, വാഹകരാല്‍ മാത്രം 'ദൈവികം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളെക്കാള്‍ വളരെ മുന്നിലാണ് ഖുര്‍ആന്റെ ദൈവികത. എന്നിട്ടും സംശയം അവശേഷിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന മറുപടി ഇതാണ്: "നമ്മുടെ ദാസന് അവതരിപ്പിച്ചുകൊടുത്തിട്ടുള്ള ഈ വേദം നമ്മില്‍നിന്നുള്ളതുതന്നെയോ എന്ന് സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരു സൂറയെങ്കിലും രചിച്ചുകൊണ്ടുവരിക. അതിന് ഏകനായ അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്കിഷ്ടമുള്ള എല്ലാ കൂട്ടാളികളെയും സഹായത്തിന് വിളിച്ചുകൊള്ളുക- നിങ്ങള്‍ സത്യസന്ധരെങ്കില്‍ അങ്ങനെ ചെയ്തു കാണിക്കൂ. അതു ചെയ്യുന്നില്ലെങ്കില്‍; ഒരിക്കലും നിങ്ങള്‍ക്കത് ചെയ്യാനാവില്ല'' (2:23,24).
ഈ ന്യായം ലളിതമാണ്. ഖുര്‍ആന്‍ ലൌകികമാണെങ്കില്‍ അതുപോലുള്ളത് രചിക്കാന്‍ ലോകര്‍ക്ക് കഴിയും, കഴിയണം. മനുഷ്യര്‍ ഒറ്റക്കോ കൂട്ടായോ അതിനു ശ്രമിച്ചു നോക്കട്ടെ, എന്നിട്ടു കഴിയുന്നില്ലെങ്കില്‍- കഴിയുകയില്ല- അതുതന്നെയാണ് അത് അലൌകികമാണെന്നതിന്റെ തെളിവ്. ഈ വെല്ലുവിളി നേരിടാന്‍ ഏറെയാളുകള്‍ ശ്രമിക്കാതെയല്ല. ഖുര്‍ആന്റെ ഭാഷയായ അറബിയില്‍ തന്നെയുള്ള പദങ്ങള്‍ കൊരുത്തു വാചകങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷേ അത് ഖുര്‍ആനിനു തുല്യമാണെന്ന് പറയാന്‍ സ്വന്തം മനസ്സാക്ഷി തന്നെ അവരെ അനുവദിച്ചില്ല.


ദൃഷ്ടാന്തം

ലൌകിക രൂപം പൂണ്ട അലൌകിക പ്രതിഭാസമാണ് ഖുര്‍ആന്‍. അതിന്റെ അക്ഷരങ്ങളും പദങ്ങളുമാണ് ലൌകികം. അതുള്‍ക്കൊള്ളുന്ന അപാരമായ ആശയതലങ്ങളും സംക്രമിപ്പിക്കുന്ന സൌന്ദര്യാനുഭൂതിയും അലൌകികമാണ്. ഭാഷാ വൈഭവത്തിന്റെ ബലത്തില്‍ ഖുര്‍ആനെ അനുകരിക്കാന്‍ നടത്തപ്പെട്ട ശ്രമങ്ങളെല്ലാം ഈ സ്ഫടികഭിത്തിയില്‍ തട്ടി തകരുകയായിരുന്നു. ഖുര്‍ആന്റെ ഈ അലൌകികത തന്നെയാണ് അതിന്റെ പ്രബോധകനായ മുഹമ്മദ് നബി ദൈവത്താല്‍ നിയുക്തനായ ദൂതനാണെന്നതിന്റെയും സാക്ഷ്യം. പൂര്‍വ പ്രവാചകന്മാര്‍ പല പല ദിവ്യാത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താറുണ്ടായിരുന്നു. മൂസാ നബി തന്റെ വടി സര്‍പ്പമാക്കി കാണിച്ചു. ആ വടി കൊണ്ട് അടിച്ച് സമുദ്രത്തെ പിളര്‍ത്തി വഴിയുണ്ടാക്കി. ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചു. മാറാ രോഗികളെ സുഖപ്പെടുത്തി. തന്റെ നിയോഗത്തിന്റെ ദൃഷ്ടാന്തമായി മുഹമ്മദ് നബിയും ഇത്തരം ദിവ്യാത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ സമുദായം നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി ഖുര്‍ആന്‍ അവരോട് ചോദിച്ചു: "തങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വേദം നാം നിനക്ക് അവതരിപ്പിച്ചു തന്നത് അവര്‍ക്ക് മതിയായ ദൃഷ്ടാന്തമായിട്ടില്ലെയോ? സത്യം അംഗീകരിക്കണമെന്നുള്ള ജനത്തിന് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും അനുസ്മരണവുമുണ്ട്'' (29:51).
പൂര്‍വ പ്രവാചകന്മാര്‍ നിയുക്തരായിരുന്നത് സമകാലീന സമൂഹങ്ങളിലേക്കായിരുന്നു. ആ സമൂഹങ്ങള്‍ക്ക് ദൃശ്യമാകുന്ന ദൃഷ്ടാന്തങ്ങളേ അവര്‍ പ്രത്യക്ഷപ്പെടുത്തേണ്ടിയിരുന്നുള്ളൂ. മുഹമ്മദീയ ദൌത്യം സകല ജനങ്ങള്‍ക്കും കാലങ്ങള്‍ക്കുമുള്ളതാണ്. മരിച്ചവരെ ജീവിപ്പിക്കുന്നതുപോലെയും വടി പാമ്പാകുന്നതുപോലെയുമുള്ള അത്ഭുതങ്ങള്‍ അത് കാണുന്നവര്‍ക്കു മാത്രമേ ദൃഷ്ടാന്തമായിരിക്കൂ. പില്‍ക്കാലക്കാര്‍ക്ക് അതൊക്കെയും കേവലം ഇതിഹാസങ്ങളായിരിക്കും. അന്ത്യനാള്‍ വരേക്കുള്ള അന്ത്യപ്രവാചകന്‍ അവതരിപ്പിക്കുന്ന ദിവ്യാത്ഭുത ദൃഷ്ടാന്തം എക്കാലത്തുമുള്ള എല്ലാ ജനങ്ങള്‍ക്കും അനുഭവവേദ്യമാകുന്നതായിരിക്കണം. അതാണ് ഖുര്‍ആന്‍. മുഹമ്മദ് നബി അവതരിപ്പിച്ച ഈ ദിവ്യാത്ഭുതം ഒട്ടും ഒളിമങ്ങാതെ വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇന്നും കോടാനുകോടി ജനങ്ങള്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. ദൈവം അരുള്‍ ചെയ്തു: "ഈ ഉദ്ബോധനം ഇറക്കിയത് നാമാകുന്നു. നാം തന്നെയാണതിന്റെ സൂക്ഷിപ്പുകാരന്‍'' (15:9).
ഖുര്‍ആന്റെ അലൌകികത നിര്‍വചനങ്ങള്‍ക്കതീതമാകുന്നു. ലൌകികമായതേ ലൌകിക മനുഷ്യന്റെ നിര്‍വചനങ്ങള്‍ക്കു വഴങ്ങൂ. അറബി മൂലരൂപത്തില്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ നിറയുന്ന അവാച്യമായ അനുഭൂതിവിശേഷമായി നാം ഖുര്‍ആന്റെ അലൌകികതയെ അറിയുന്നു. അല്ലാഹു അവതരിപ്പിച്ചത് അറബി ഖുര്‍ആന്‍ ആണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുന്നത് ശ്രദ്ധേയമാകുന്നു. ഖുര്‍ആന്റെ അറബിമൂലമാണ് അലൌകിക പ്രതിഭാസം. അതിന്റെ തര്‍ജമകളും വ്യാഖ്യാനങ്ങളും മാനുഷികമാണ്. അമാനുഷികമായതിനെ മനുഷ്യന് പുനര്‍നിര്‍മിക്കാനാവില്ല. മൂല ഖുര്‍ആനും പരിഭാഷയും തമ്മില്‍ വസ്തുവും അതിന്റെ നിഴലും തമ്മിലുള്ള അന്തരമുണ്ടായിരിക്കും.
ഖുര്‍ആനിന് ഫുര്‍ഖാന്‍ എന്നും പേരുണ്ട്. സത്യാസത്യങ്ങളെ, നന്മ തിന്മകളെ, ധര്‍മാധര്‍മങ്ങളെ വേര്‍തിരിക്കുന്നത് എന്നാണതിന്റെ അര്‍ഥം. അതാണ് ഖുര്‍ആന്റെ വിവര്‍ത്തനവിധേയമാകുന്ന വശം. ഖുര്‍ആന്റെ ധര്‍മോപദേശങ്ങളും നീതിസാരങ്ങളും അതതു ഭാഷകളില്‍ അവതരിപ്പിക്കുക എന്നതാണ് ഖുര്‍ആന്‍ പരിഭാഷകരും വ്യാഖ്യാതാക്കളും ചെയ്യുന്നത്. അത്രത്തോളമേ ചെയ്യാന്‍ കഴിയൂ.
ഖുര്‍ആന്റെ ദൈവികതയെ അവിശ്വസിച്ചുകൊണ്ട് അതിനെ സമീപിക്കുന്നവര്‍ക്ക് നാനാ വിഷയങ്ങളെക്കുറിച്ച് അടുക്കും ചിട്ടയുമില്ലാതെ ക്രോഡീകരിച്ച വചനസമുച്ചയമായേ തോന്നൂ. ദൈവത്തിങ്കല്‍ നിന്ന് വാര്‍ന്നുവീണ വാങ്മയ വെളിപാടുകളാണെന്ന ബോധത്തോടെ വായിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണുണ്ടാവുക. അപ്പോള്‍ ഓരോ ഖുര്‍ആന്‍ വാക്യവും നക്ഷത്രത്തിളക്കമുള്ള ഓരോ ദൃഷ്ടാന്തമായി മുന്നില്‍ തെളിയുന്നു. ആ ബോധം എത്ര കണ്ട് തീക്ഷ്ണമാണോ അത്ര കണ്ട് തീക്ഷ്ണമാകുന്നു അവയുടെ വെളിച്ചം. ഉണ്മയുടെ അകവും പുറവും അതില്‍ തെളിയുന്നു. ഖുര്‍ആന്റെ ക്രമവും കോര്‍വയും മാനുഷികമല്ലെന്നു തിരിച്ചറിയുന്നു. മാനത്തെ നക്ഷത്രരാജികളുടേതുപോലെയാണ് സൂക്തങ്ങളുടെ വിന്യാസം. അണിയും വരിയും അകലക്രമവും വലിപ്പച്ചെറുപ്പക്രമവുമൊന്നുമില്ലാതെ ഓരോന്നും വിവിധ അകലങ്ങളില്‍ ഒറ്റപ്പെട്ട് പ്രകാശിച്ചുനില്‍ക്കുന്നു. എന്നാല്‍ സാകല്യത്തില്‍ ഒരദൃശ്യപാശത്താല്‍ ദൃഢബന്ധിതവുമാണവ.
പ്രകൃതിവേദം

ഇസ്ലാം പ്രകൃതിയുടെ മതമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (3:83, 30:30). ജീവിതത്തെ പ്രകൃതിയോടു സമരസപ്പെടുത്തുന്ന അഥവാ പ്രകൃതിയുടെ വിധാതാവിനു വിധേയമാക്കുന്ന ധര്‍മസരണി എന്നാണ് പ്രകൃതിമതം എന്നതിന്റെ താല്‍പര്യം. പ്രകൃതി മതത്തിന്റെ വേദം പ്രകൃതിയുടെ വേദമാകാതിരിക്കാന്‍ തരമില്ല. ഖുര്‍ആന്‍ പ്രകൃതിവേദമാകുന്നത് ഉള്ളടക്കത്തില്‍ മാത്രമല്ല. ഘടനയിലും അതങ്ങനെയാണ്. ഖുര്‍ആനിലൂടെ സഞ്ചരിക്കുന്നത് പ്രകൃതിയിലൂടെ സഞ്ചരിക്കുന്നതുപോലെയാണ്. മലകളൊക്കെ ഒരിടത്ത്, പുഴകളൊക്കെ മറ്റൊരിടത്ത്, സമതലങ്ങള്‍ ഇനിയൊരിടത്ത്, സമുദ്രങ്ങള്‍ വേറൊരിടത്ത് എന്നല്ലല്ലോ പ്രകൃതിയുടെ രീതി. കടലും കരയും പുഴയും സമതലങ്ങളുമെല്ലാം മനുഷ്യന്റെ ക്രമബോധത്തിനു പിടികൊടുക്കാതെ വ്യന്യസിക്കപ്പെട്ടിരിക്കുന്നു. അതിന്റെ സൌന്ദര്യവും പ്രയോജനവും നാം ആസ്വദിക്കുന്നു. പ്രകൃതിയേക്കാള്‍ സുന്ദരമായി മറ്റെന്തുണ്ടീയുലകില്‍! ഖുര്‍ആനിലൂടെ സഞ്ചരിക്കുന്നവര്‍ സുവിശേഷങ്ങളിലൂടെ, താക്കീതുകളിലൂടെ, വെല്ലുവിളികളിലൂടെ, തത്ത്വവിചാരങ്ങളിലൂടെ, സദുപദേശങ്ങളിലൂടെ, നീതിസാരങ്ങളിലൂടെ, ചരിത്രങ്ങളിലൂടെ, പ്രവചനങ്ങളിലൂടെ, സുഖദുഃഖങ്ങളിലൂടെ, രക്ഷാശിക്ഷകളിലൂടെ അങ്ങനെ ഇടകലര്‍ന്ന വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്നു. ഭൂതത്തിലും വര്‍ത്തമാനത്തിലുമെന്ന പോലെ വിദൂരഭാവികളിലും ചെന്നെത്തുന്നു. ഭൌതികലോകമെന്ന പോലെ അഭൌതിക ലോകവും സ്വര്‍ഗ നരകങ്ങളും കണ്ടെത്തുന്നു. പക്ഷേ, നടേ സൂചിപ്പിച്ച ദൈവികതയെ സംബന്ധിച്ച ബോധമില്ലെങ്കില്‍ ഈ കാഴ്ചകളൊന്നും ആസ്വദിക്കാനാവില്ല. ആ ബോധമാണ് 'തഖ്വ'- ഖുര്‍ആനിലുള്ള വിശ്വാസം. "ഇതു വിശുദ്ധ വേദമാകുന്നു. സംശയമില്ല; തഖ്വയുള്ളവര്‍ക്ക് സന്മാര്‍ഗ ദര്‍ശകമാണിത്'' (2:2). ദൈവവിചാരമില്ലാത്ത മനസ്സുകളെ ഖുര്‍ആന്‍ സ്വാധീനിക്കുകയില്ല. അത്തരം മനസ്സുകളെ അത് സ്പര്‍ശിക്കാതെ കടന്നുപോകുന്നു: "ആ വിധം പാപികളുടെ മനസ്സുകളിലൂടെ നാം അത് എവിടെയും സ്പര്‍ശിക്കാതെ കടത്തിവിടുന്നു. അവരതില്‍ വിശ്വസിക്കുകയില്ല'' (16:13,14).
തുടക്കവും ഒടുക്കവും

പുസ്തകത്തില്‍ ക്രോഡീകരിച്ച ഖുര്‍ആനിന് തീര്‍ച്ചയായും തുടക്കവും ഒടുക്കവുമുണ്ട്. എന്നാല്‍ ആദ്യം അവതരിച്ച സൂക്തമല്ല ഗ്രന്ഥത്തില്‍ ആദ്യം ചേര്‍ത്തിട്ടുള്ളത്. ഒടുവില്‍ ചേര്‍ത്തിട്ടുള്ളത് ഒടുവിലവതരിച്ച സൂക്തവുമല്ല. ഖുര്‍ആനിന് തുടക്കവും ഒടുക്കവുമില്ല എന്നതാണ് വാസ്തവം. ഏതു വചനത്തിലും ഖുര്‍ആന്‍ തുടങ്ങാം. ഏതു വചനത്തിലും അവസാനിപ്പിക്കുകയും ചെയ്യാം. ഒരു ഗോളം പോലെയാണത്. അല്ലെങ്കില്‍ ആകാശത്തിലെ നക്ഷത്രരാജി പോലെ. എവിടെ നിന്നും തുടങ്ങാം. എവിടെയും അവസാനിപ്പിക്കാം. ഓരോ സൂക്തത്തിനും സ്വതന്ത്രമായ അര്‍ഥവും ആശയലോകവുമുണ്ട്. എന്നാല്‍ എല്ലാം പരസ്പരം അഭേദ്യമായി ബന്ധിതവുമാണ്. "അഭിജ്ഞനും അഗാധജ്ഞനുമായവങ്കല്‍നിന്നവതരിച്ച, സംഘടിതവും പിന്നെ വിവിധവുമാക്കപ്പെട്ട സൂക്തങ്ങളുള്ള വേദം'' (11:1) ആണ് ഖുര്‍ആന്‍. "ഘടകങ്ങള്‍ പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ സമുല്‍കൃഷ്ട വചനങ്ങളുള്ള വേദമവതരിപ്പിച്ചവനത്രെ അല്ലാഹു'' (39:23).
ഖുര്‍ആനിലെ 6236 സൂക്തങ്ങളെ 114 സൂറകളിലായി വിഭജിച്ചിരിക്കുന്നു. സൂറയെ അധ്യായം എന്നു ഭാഷാന്തരം ചെയ്യാറുണ്ട്. പ്രമേയത്തെ വിവിധ ഭാഗങ്ങളാക്കി തിരിച്ച് പ്രത്യേക ശീര്‍ഷകങ്ങള്‍ക്ക് താഴെ ചര്‍ച്ച ചെയ്യുന്നതാണ് ഗ്രന്ഥത്തിന്റെ അധ്യായങ്ങള്‍. ഈ അര്‍ഥത്തിലുള്ള അധ്യായങ്ങളല്ല സൂറകള്‍. ആ പദത്തിന് അധ്യായമെന്ന് അര്‍ഥവുമില്ല. ഭിത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരം, നഗരഭിത്തി എന്നാണ് സൂറയുടെ ഭാഷാര്‍ഥം. നഗരങ്ങള്‍ തമ്മില്‍ പലവക വ്യത്യാസങ്ങളും ഉണ്ടാകുമെങ്കിലും അടിസ്ഥാനപരമായി എല്ലാ നഗരങ്ങളുടെയും ഉള്ളടക്കം ഒന്നുതന്നെ. ഇതാണ് ഖുര്‍ആന്‍ സൂറകളുടെയും അവസ്ഥ. ഒന്നിനെ പലതിലും പലതിനെ ഒന്നിലും അവതരിപ്പിക്കുന്ന ഈ വിസ്മയം അനന്യമാണ്.
ജീവിതത്തിന്റെ വേദം

ഖുര്‍ആനെ ജീവിതത്തിന്റെ വേദമെന്ന് വിശേഷിപ്പിക്കുന്നത് മാനുഷിക ധര്‍മങ്ങളനുശാസിക്കുന്നതുകൊണ്ട് മാത്രമല്ല; ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന വേദമായതുകൊണ്ടു കൂടിയാണ്. ദൈവം അതിഭൌതികലോകത്തിന്റെ ഏതോ മൂലയിലിരുന്ന് കുറിച്ചയച്ച നിയമാവലിയുടെ രൂപത്തിലല്ല ഖുര്‍ആന്റെ അവതരണം. മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ ഒടുവിലത്തെ 23 കൊല്ലക്കാലത്തിനിടയില്‍ ക്രമശഃയായിട്ടാണ് ഖുര്‍ആന്‍ പെയ്തിറങ്ങിയത്. ഈ കാലയളവില്‍, ഒരു മനുഷ്യ ജീവിതം നേരിടാവുന്ന ഏതാണ്ടെല്ലാ ജീവിതാവസ്ഥകളിലൂടെയും പ്രവാചകന്‍ കടന്നുപോരികയുണ്ടായി. അനാഥന്‍, അബലന്‍, ബഹിഷ്കൃതന്‍, മര്‍ദിതന്‍, സര്‍വ സ്വീകാര്യന്‍, ജനനായകന്‍, സൈന്യാധിപന്‍, ജേതാവ്, പരാജിതന്‍, ദരിദ്രന്‍, ധനികന്‍, ഭര്‍ത്താവ്, പിതാവ്, കലാരസികന്‍ എന്നിങ്ങനെ ഒട്ടേറെ വര്‍ണങ്ങള്‍ മുഹമ്മദീയ ജീവിതത്തില്‍ തെളിഞ്ഞുകാണാം. ഈ ഓരോരോ ജീവിത സാഹചര്യത്തോടുമുള്ള ദൈവിക പ്രതികരണമായിരുന്നു അപ്പപ്പോള്‍ അവതരിച്ചിരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍. ഒരു സാഹചര്യത്തിന്റെ വ്യാഖ്യാനം ആ സാഹചര്യം സങ്കല്‍പിച്ചുകൊണ്ട് പഠിപ്പിക്കുന്നതും, യാഥാര്‍ഥ്യമായി അനുഭവിപ്പിച്ചുകൊണ്ട് പഠിപ്പിക്കുന്നതും തമ്മില്‍ വലുതായ അന്തരമുണ്ട്. ഒന്നു അനുമാനാധിഷ്ഠിതവും മറ്റേത് അനുഭവാധിഷ്ഠിതവുമാണ്.
എന്നാല്‍ ഒരു തലമുറയുടെ ജീവിതത്തോടൊപ്പം മാത്രമല്ല ഖുര്‍ആന്‍ സഞ്ചരിക്കുന്നത്. മുഴുവന്‍ മനുഷ്യരാശിയുടെയും ജീവിതത്തോടൊപ്പം അതുണ്ട്. ചരിത്രത്തിന്റെ നീള്‍ച്ചയും മനുഷ്യന്റെ വികാസവും ഖുര്‍ആന്റെ പ്രസക്തിയെ നിഷേധിക്കുകയല്ല, വര്‍ധിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു ജീവിത സാഹചര്യത്തില്‍ പരിശോധിച്ചാലും ആ സാഹചര്യത്തോടു പ്രതികരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. വ്യക്തി സ്വാതന്ത്യ്രം, ജനാധിപത്യം, സ്ഥിതിസമത്വം, സ്ത്രീവിമോചനം തുടങ്ങിയ നവീനാഖ്യാനങ്ങളുടെ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ പരിശോധിച്ചു നോക്കുക. ഖുര്‍ആന്‍ അവയുടെയെല്ലാം ഗുണങ്ങളെ അംഗീകരിക്കുന്നതായും ദോഷങ്ങളെ നിരാകരിക്കുന്നതായും കാണാം. ഖുര്‍ആന്‍ ഏറെ ഊന്നിപ്പറയുന്ന ഏകദൈവത്വം സത്യത്തിന്റെ എന്നപോലെ സ്വാതന്ത്യ്രത്തിന്റെയും ശക്തമായ അടിത്തറയാണ്. ജനാധിപത്യം തന്നെയാണ് കൂടിയാലോചനയിലൂടെ ജനഹിതമറിഞ്ഞുവേണം ഭരണനിര്‍വഹണം(42:38) എന്ന ഖുര്‍ആനികാധ്യാപനം ലക്ഷ്യമാക്കുന്നത്. സമ്പത്തിന്റെ ആത്യന്തിക ഉടമസ്ഥത അല്ലാഹുവിനാണെന്നും അവന്‍ നല്‍കിയ പ്രാതിനിധ്യാവകാശമേ മനുഷ്യന് അതിലുള്ളൂവെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. സമ്പത്ത് തേടാനും നേടാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം നേടിയവരുടെ സമ്പാദ്യത്തില്‍ നേടാന്‍ കഴിയാത്തവര്‍ക്കും അവകാശമുണ്ടെന്നും അത് യഥാവിധി വിതരണം ചെയ്യണമെന്നും കല്‍പിക്കുന്നു (51:19, 70:25). പ്രയോഗതലത്തിലെത്തിയാല്‍ സ്ഥിതിസമത്വത്തെക്കാള്‍ മെച്ചപ്പെട്ടതും അതിന്റെ ദോഷങ്ങളില്‍നിന്നു മുക്തവുമായ സാമൂഹിക നീതിയാണിതുവഴി പുലരുക. 20-ാം നൂറ്റാണ്ടില്‍ യു.എന്‍.ഒ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തെക്കാള്‍ മുന്നിലാണ് 1500 ആണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി ഖുര്‍ആനില്‍നിന്ന് നിര്‍ധാരണം ചെയ്ത് തന്റെ വിടവാങ്ങല്‍ ഹജ്ജ് സമ്മേളനത്തില്‍ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങള്‍.
രണ്ടുതരം വചനങ്ങള്‍

ഖുര്‍ആനില്‍ രണ്ടുതരം വചനങ്ങളുണ്ട്. ഒന്ന്, സുതാര്യ വചനങ്ങള്‍ (മുഹ്കമാത്ത്). രണ്ട്, അതാര്യവചനങ്ങള്‍ (മുതശാബിഹാത്ത്). ജീവിത ധര്‍മങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന സുതാര്യ വചനങ്ങളാണ് വേദമര്‍മം. അതെക്കുറിച്ചു അല്ലാഹു പറയുന്നു. "ഈ ഖുര്‍ആനിനെ നാം ഉദ്ബോധനാര്‍ഥം ലളിതമാക്കിയിരിക്കുന്നു. ഉല്‍ബുദ്ധരാവാന്‍ സന്നദ്ധരുണ്ടോ?'' (54:17). ഖുര്‍ആന്‍ പലപ്പോഴും 'അദ്ദിക്റ്' (അനുസ്മരണം) എന്ന് സ്വയം വിളിക്കുന്നുണ്ട്. "നാമാകുന്നു ഈ ദിക്റ് അവതരിപ്പിച്ചത്. നാം തന്നെയാണതിന്റെ സൂക്ഷിപ്പുകാരനും'' (15:9). "നാം ഈ ദിക്റ് നിനക്കവതരിപ്പിച്ചു തന്നിരിക്കുന്നു; ജനങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍'' (16:44). ഖുര്‍ആന്‍ അവതരിപ്പിക്കുന്ന തത്ത്വങ്ങളും നിയമങ്ങളും മനുഷ്യപ്രകൃതിയില്‍ നിമജ്ജിതമായിട്ടുള്ളതാണ്. "മനസ്സാണ, അതിനെ വിതാനിച്ചവനാണ, അവന്‍ അതിന്റെ ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തിരിക്കുന്നു. ധര്‍മബോധം വളര്‍ത്തി മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജിതനായി'' (93:7-10). പ്രകൃതിയില്‍ നിമജ്ജിതമായ ധര്‍മാധര്‍മബോധത്തെ ഉന്മൂലനം ചെയ്യുന്ന സൂക്തങ്ങളായതിനാലാണ് ഖുര്‍ആന്‍ 'ദിക്റ്'-അനുസ്മരണം ആകുന്നത്. നമ്മെത്തന്നെ നമുക്ക് കാണിച്ചുതരുന്ന, നമ്മുടെ അകത്തളത്തിന്റെ കണ്ണാടിയാണ് ഖുര്‍ആന്‍. അതാണ് ഖുര്‍ആനികാധ്യാപനങ്ങളുടെ ലാളിത്യത്തിന്റെ രഹസ്യം.
അതാര്യ വചനങ്ങള്‍ (മുതശാബിഹാത്ത്) കയ്യാളുന്നത് അതിഭൌതികലോകത്തെയാണ്. ഭൌതികമനുഷ്യര്‍ക്ക് അജ്ഞേയമാണതിഭൌതികലോകം. ഭൌതികലോകത്തിന്റെയും അതിഭൌതികലോകത്തിന്റെയും അധിപനായ അല്ലാഹു പറഞ്ഞു തരുന്നതിലധികം യാതൊന്നും അതേക്കുറിച്ചറിയാന്‍ സൃഷ്ടികള്‍ക്കാവില്ല. പദാര്‍ഥത്തിനും സ്ഥലകാലങ്ങള്‍ക്കും അതീതമാണാലോകം. അജ്ഞേയമായ കാര്യങ്ങളെ ജ്ഞേയമായ ഭൌതിക വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷയിലൂടെ മനുഷ്യര്‍ക്ക് പരിചയപ്പെടുത്തുകയാണ് മുതശാബിഹാത്ത് സൂക്തങ്ങള്‍. അവയുടെ യാഥാര്‍ഥ്യം കൃത്യമായി നിര്‍ണയിക്കാന്‍ സാമാന്യ മനുഷ്യനാവില്ല. സാമാന്യ ജീവിതത്തിന് വെളിച്ചം കിട്ടാന്‍ ആ നിര്‍ണയം ആവശ്യവുമില്ല. അതുകൊണ്ട് അത്തരം സൂക്തങ്ങള്‍ക്ക് പിന്നാലെ ഏറെയൊന്നും അലയേണ്ടതില്ലെന്നു ഖുര്‍ആന്‍ തന്നെ ഉപദേശിക്കുന്നു (3:6,7).
ഖുര്‍ആനിലെ ഏകദൈവത്വം
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മൌലിക പ്രധാനമായ തത്ത്വം തൌഹീദാണ്. ഏകീകരണം എന്നാണീ പദത്തിന്റെ ഭാഷാര്‍ഥം. സാങ്കേതികാര്‍ഥത്തിലുള്ള തൌഹീദ് വലിയൊരാശയ സാഗരമാണ്. ഏകദൈവവിശ്വാസം എന്ന് അതിനെ പരാവര്‍ത്തനം ചെയ്യാറുണ്ടെങ്കിലും അത് ആ ആശയസാഗരത്തിന്റെ അടിസ്ഥാന സത്ത മാത്രമാകുന്നു. ദൈവം ഏകനാകുന്നു എന്നു പറഞ്ഞവസാനിപ്പിക്കുകയല്ല ഖുര്‍ആന്‍. "അവന്‍ മാത്രമാണ് സാക്ഷാല്‍ ദൈവം. അവനല്ലാതെ ദൈവമേതുമില്ല. അവന്‍ ഗോചരവും അഗോചരവുമായ സര്‍വതും അറിയുന്നു. ദയാപരനും കരുണാനിധിയുമാണ്. അവന്‍ മാത്രമാണ് യഥാര്‍ഥ ആരാധ്യന്‍. അവനല്ലാതെ ആരാധ്യരാരുമില്ല. അവനാണ് രാജാവ്, പരമപരിശുദ്ധന്‍, പരമശാന്തി. ആര്‍ത്തത്രാണന്‍, സര്‍വരക്ഷകന്‍, സര്‍വാതിജയന്‍, സര്‍വവും അടക്കി ഭരിക്കുന്നവന്‍, മഹോന്നതന്‍. മനുഷ്യരാരോപിക്കുന്ന പങ്കാളിത്തങ്ങള്‍ക്കൊക്കെയും അതീതന്‍; അവന്‍ മാത്രമാണല്ലാഹു. സൃഷ്ടി പ്രക്രിയയുടെ ആവിഷ്കര്‍ത്താവ്, പ്രയോക്താവ്. ഓരോ സൃഷ്ടിക്കും അനുയുക്തമായ രൂപമരുളുന്നവന്‍. വിശിഷ്ട നാമങ്ങളൊക്കെയും അവനുള്ളതാകുന്നു. പ്രപഞ്ചത്തിലുള്ളതഖിലം അവനെ പ്രകീര്‍ത്തിക്കുന്നു. അജയ്യനും അഭിജ്ഞനുമാണവന്‍ (59:22-24). ഈ ദൈവിക ഗുണങ്ങളിലോരോന്നും സൃഷ്ടിയായ മനുഷ്യനില്‍ സവിശേഷമായ ബാധ്യതകള്‍ ചുമത്തുന്നുണ്ട്. ദൈവത്തില്‍നിന്ന് ഉളവായതെല്ലാം ഒടുവില്‍ അവനിലേക്കുതന്നെ മടങ്ങും (11:123). അപ്പോള്‍ ഓരോ സൃഷ്ടിയും അതിന്റെ ധര്‍മം അനുഷ്ഠിച്ചുവോ എന്നു പരിശോധിക്കപ്പെടും. ആ പരിശോധനയുടെ ഫലത്തെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള വാഴ്വിന്റെ സുഖദുഃഖങ്ങള്‍.
ധര്‍മാനുഷ്ഠാനമാണ് ദൈവത്തിനുള്ള ഇബാദത്ത്- വഴിപ്പെടല്‍. അതാണ് ഖുര്‍ആന്റെ ഉത്ഘാതാധ്യായത്തിന്റെ പാരായണത്തില്‍ സൃഷ്ടികള്‍ ദൈവത്തോട് പ്രതിജ്ഞ ചെയ്യുന്നത്. "നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുന്നു'' (1:4). എന്തുകൊണ്ട് ദൈവത്തിനു വഴിപ്പെടണമെന്നും അല്ലാഹു പറയുന്നുണ്ട്: "ഞാനാണ് സാക്ഷാല്‍ ദൈവം. ഞാനല്ലാതെ ദൈവമേതുമില്ല. അതിനാല്‍ എനിക്കു മാത്രം വഴിപ്പെടുക'' (20:14). "അല്ലയോ മര്‍ത്യരേ, നിങ്ങളുടെ സ്രഷ്ടാവായ വിധാതാവിനെ വഴിപ്പെടുവിന്‍'' (2:21). ദൈവം ഏകനാണെന്നും അവനു മാത്രമേ അടിമപ്പെടാവൂ എന്നും പറയുന്നതിന്റെ മറുവശം മറ്റാര്‍ക്കും മനുഷ്യന്റെ മേല്‍ യാതൊരു യജമാനത്വമോ ഉടമത്വമോ ഇല്ലെന്നും മറ്റാര്‍ക്കും അവന്‍ അടിമപ്പെട്ടുകൂടാ എന്നുമാണ്. അങ്ങനെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ഖുര്‍ആനിക മന്ത്രം ഏറ്റം ശക്തമായ വിമോചന മുദ്രാവാക്യമാകുന്നത്. എല്ലാ ദൈവദൂതന്മാരും നിയുക്തരായത് ഈ മുദ്രാവാക്യവുമായിട്ടാണ്. "അല്ലാഹുവിന് അടിമപ്പെടുക, ദൈവേതര ദുശ്ശക്തികളെ വെടിയുക എന്ന ശാസനയുമായി എല്ലാ സമുദായങ്ങളിലേക്കും നാം ദൈവദൂതന്മാരെ അയച്ചിട്ടുണ്ട്'' (16:36).
ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ഏകദൈവത്വത്തിന്റെ മറ്റൊരുതലം മനുഷ്യനുള്‍പ്പെടെയുള്ള പ്രപഞ്ച സൃഷ്ടികളുടെ ഐക്യമാണ്. ദൈവത്തിന്റെ സൃഷ്ടികളാണ്, ദൈവമല്ലാത്തതെല്ലാം. എല്ലാം അവനിലേക്ക് തന്നെ തിരിച്ചുചെല്ലും (25:2, 3:109, 11:123). ~ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികള്‍ എന്ന നിലയില്‍ പ്രകൃതിയും മനുഷ്യനും ഏകീകരിക്കപ്പെട്ടിരിക്കുന്നു.
ഒരു ദൈവം ഒരേ മനുഷ്യന്‍

ഖുര്‍ആന്റെ ആധ്യാത്മദര്‍ശനം ദൈവത്തിന്റെ ഏകത്വത്തിലൂന്നുന്നതുപോലെ, മനുഷ്യന്റെ ഏകാത്മകതയിലൂന്നുന്നതാണ് അതിന്റെ മാനവികദര്‍ശനം. മനുഷ്യരെല്ലാം ഒരൊറ്റ ജാതിയും തുല്യരുമാണെന്നത് സമൂഹത്തില്‍ സമാധാനവും സാഹോദര്യവും സംജാതമാകാന്‍, അല്ലെങ്കില്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു തന്ത്രമായി ആവിഷ്കരിക്കപ്പെട്ട സങ്കല്‍പമായിട്ടല്ല ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്; പ്രത്യുത മൌലിക സത്യമായിട്ടാണ്. "അല്ലയോ മര്‍ത്യരേ, നിങ്ങളെ ഒരൊറ്റ ആത്മാവില്‍നിന്ന് സൃഷ്ടിച്ച് അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ച് അവയിലൂടെ പെരുത്ത സ്ത്രീ പുരുഷന്മാരെ ഭൂമുഖത്ത് പരത്തിയ വിധാതാവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍'' (ഖുര്‍ആന്‍ 4:1). ഒരൊറ്റ വ്യക്തിയായിട്ടാണ് ആദിമനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. ആ ഒറ്റ മനുഷ്യനെ വിഭജിച്ചുണ്ടാക്കിയതാണ് അവന്റെ ഇണ. ആ ഇണകളുടെ പാരസ്പര്യത്തിലൂടെ വിഭജിതമായുണ്ടായതാണ് ഇന്നീ കാണുന്ന മനുഷ്യരാസകലം. ആണും പെണ്ണും വിവിധ ദേശക്കാരും വര്‍ണക്കാരും വ്യത്യസ്ത മൂലങ്ങളില്‍നിന്നുളവായവരല്ല. വര്‍ഗവര്‍ണവൈജാത്യങ്ങളുടെ യാഥാര്‍ഥ്യം അല്ലാഹു വിശദീകരിക്കുന്നു: "അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്. പരസ്പരം തിരിച്ചറിയേണ്ടതിനാകുന്നു നിങ്ങളെ പല സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത്. നിങ്ങളില്‍ ഏറ്റം ധര്‍മബോധമുള്ളവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റം ഉല്‍കൃഷ്ടന്‍'' (49:13).
മര്‍ത്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്നതിന്റെ അനിവാര്യ താല്‍പര്യമാണ് എല്ലാവരും സ്നേഹിച്ചും സഹകരിച്ചും വാഴണമെന്നത്. വൈവിധ്യങ്ങള്‍ സ്വയം തിരിച്ചറിയാനും പരസ്പരം തിരിച്ചറിയാനുമുള്ള ഉപാധികളാണ്; ഉച്ചനീചത്വങ്ങളുടെ അടയാളങ്ങളല്ല. വൈവിധ്യങ്ങള്‍ഇല്ലായിരുന്നുവെങ്കില്‍ മനഷ്യരാശി ഒരു സമുദ്രത്തിലെ ജലകണങ്ങള്‍ പോലെ ആര്‍ക്കും സ്വന്തമായ വ്യക്തിത്വമോ അസ്തിത്വമോ ഇല്ലാത്ത സൃഷ്ടിയായിത്തീരുമായിരുന്നു. അപ്പോള്‍ എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒന്നാണ്. ഓരോ മനുഷ്യനും വെവ്വേറെയുമാണ്. ഒന്നായിരിക്കെത്തന്നെ പലതായിരിക്കുകയും ആ നാനാത്വങ്ങളുടെ തിരച്ചറിവിലൂടെയും സഹകരണാത്മകമായ പാരസ്പര്യത്തിലൂടെയും വീണ്ടും ഒന്നായി വികസിക്കുകയും ചെയ്യുന്ന മനോഹരമായ പ്രക്രിയയായിട്ടാണ് മാനവജീവിതത്തെ വിധാതാവ് സംവിധാനിച്ചിരിക്കുന്നത്. സ്വജീവിതത്തെ ഈ സംവിധാനവുമായി സമീകരിക്കുകയാണ് ഓരോ വ്യക്തിയുടെയും ധര്‍മം. ധര്‍മാചരണത്തിലുള്ള ജാഗ്രത അവനെ ഉന്നതനും, അശ്രദ്ധ അധമനുമാക്കുന്നു. അധര്‍മത്തില്‍നിന്ന് അകന്ന് ധര്‍മത്തിലൂടെ ഔന്നത്യത്തിലേക്ക് ഉയരാനുള്ള പാതയാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്ക് മുമ്പില്‍ തുറന്നുവെക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: